‘അമ്മ’ യോഗത്തിൽ വൻ തർക്കം; കണക്കുകളെ ചൊല്ലി താരങ്ങൾ തമ്മിൽ വാക്പോര്, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ; യോഗത്തിൽ നിന്നും യുവതാരങ്ങൾ വിട്ടുനിന്നു

21 June 2026
‘അമ്മ’ യോഗത്തിൽ വൻ തർക്കം; കണക്കുകളെ ചൊല്ലി താരങ്ങൾ തമ്മിൽ വാക്പോര്, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ; യോഗത്തിൽ നിന്നും യുവതാരങ്ങൾ വിട്ടുനിന്നു

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികൾ തമ്മിൽ രൂക്ഷമായ തർക്കം. വ്യക്തതയില്ലാത്ത കണക്കുകൾ ഉൾപ്പെടുത്തിയ വാർഷിക റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെ യോഗം പ്രകോപിതമായി.

നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, രഞ്ജി പണിക്കർ എന്നിവർ റിപ്പോർട്ടിനെതിരെ ശക്തമായി രംഗത്തുവന്നു. തർക്കം മുറുകിയതോടെ വിഷയത്തിൽ സംഘടനയുടെ മുൻ അമരക്കാരൻ കൂടിയായ മോഹൻലാൽ ഇടപെടണമെന്ന് കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

സംഘടനയുടെ പേര് പൊതുജനങ്ങൾക്ക് മുന്നിൽ മോശമാക്കിയെന്നും നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്നും യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടു.

ഉള്ളിലുള്ളവർ തന്നെയാണ് സംഘടനയുടെ പേര് ചീത്തയാക്കുന്നതെന്ന് അംഗങ്ങൾ പരസ്പരം കുറ്റപ്പെടുത്തി.

അതേസമയം, റിപ്പോർട്ട് കൃത്യമായി അവതരിപ്പിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട് പാസാക്കാനുള്ള ശ്രമങ്ങൾ തുടരും.

പൃഥ്വിരാജ്, ദുൽകർ സൽമാൻ, ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബേസിൽ ജോസഫ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ പ്രമുഖ യുവതാരങ്ങളാരും കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിൽ നടക്കുന്ന യോഗത്തിനെത്തിയില്ല.

അതേസമയം, ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച നടി അൻസിബ യോഗത്തിൽ പങ്കെടുത്തു.

അൻസിബയ്ക്ക് നിലവിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും അവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.