തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രമുഖ ക്രൈസ്തവ സഭകൾ രംഗത്ത്.
സർക്കാരിന്റെ ഈ പുതിയ നീക്കം അങ്ങേയറ്റം സംശയാസ്പദമാണെന്ന് സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആരോപിച്ചു. പുതിയ തലമുറയെ ലഹരിയുടെ വഴിയിലേക്ക് തള്ളിവിടാൻ മാത്രമേ ഈ തീരുമാനം ഉപകരിക്കൂ എന്നും, സംസ്ഥാനത്ത് നിലവിലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇത് കടുത്ത തിരിച്ചടിയാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ജനഹിതം മാനിച്ച് സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സർക്കാരിന്റെ മദ്യനയം പൂർണ്ണമായും പാളിപ്പോയതായി ഓർത്തഡോക്സ് സഭയും കുറ്റപ്പെടുത്തി. ലഹരിവസ്തുക്കളുടെ ലഭ്യത പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് സഭയുടെ നിലപാടെന്ന് മാധ്യമ വിഭാഗം തലവൻ യുഹാനോൻ മാർ ദിയസ്കോറസ് വ്യക്തമാക്കി.
“ചെറിയ മീനിനെ ഇരയാക്കി വലിയ മീനിനെ പിടിക്കുന്ന തന്ത്രമാണോ ഇതെന്ന് സംശയമുണ്ട്. മദ്യത്തെ വീര്യം കുറഞ്ഞതെന്നും കൂടിയതെന്നും രണ്ട് തട്ടുകളായി തിരിക്കേണ്ട ഒരവശ്യവുമില്ല,” അദ്ദേഹം ചോദ്യം ചെയ്തു.
മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ മദ്യനയത്തെ ശക്തമായി എതിർത്തവർ ഇപ്പോൾ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ശരിയല്ലെന്നും സഭ ഓർമ്മിപ്പിച്ചു. വി.എം. സുധീരനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടാൽ ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നും,
മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യനയമാണ് തുടരേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒട്ടനവധി നല്ല കാര്യങ്ങൾ ചെയ്ത ഈ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇത്തരം തീരുമാനങ്ങൾ കറ വീഴ്ത്തുമെന്നും, എന്തുകൊണ്ടാണ് ഇങ്ങനെയൊരു നയം പ്രഖ്യാപിച്ചതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഭരണകർത്താക്കൾ തയ്യാറാകണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു.

