തിരുവനന്തപുരം: 2024-25 വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് കോടിക്കണക്കിന് രൂപ വകമാറ്റിയെന്നും കിഫ്ബി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയായി മാറിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് വക മാറ്റിയതായി സിഎജി കണ്ടെത്തി. സംസ്ഥാനത്തിന്റെ റവന്യൂ ധനകമ്മി കുറച്ചുകാണിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് റിപ്പോർട്ടിലെ നിരീക്ഷണം.
കിഫ്ബി (KIIFB) സംസ്ഥാനത്തിന് വലിയൊരു ബാധ്യതയായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബജറ്റിന് പുറത്തുള്ള സംസ്ഥാനത്തിന്റെ കടമെടുപ്പ് 39,230 കോടി രൂപയാണെന്ന് സിഎജി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനുപുറമെ, 3,511 കോടി രൂപയുടെ തീർപ്പാക്കാത്ത മറ്റ് ബാധ്യതകൾ നിലവിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തിന്റെ ചെലവുകൾ വൻതോതിൽ കൂടിയെങ്കിലും വരവിൽ നേരിയ വർധനവുണ്ടായിട്ടുണ്ടെന്ന് സിഎജി നിരീക്ഷിച്ചു.

