കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് സാമ്പത്തികയിടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി. വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. ഇന്ന് രാവിലെ 9:30-ഓടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയത്.
ഈ മാസം 29-ന് ഹാജരാകാനായിരുന്നു നേരത്തെ ഇഡി വീണയ്ക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) ശേഖരിച്ച സുപ്രധാന രേഖകൾ കൂടി ലഭിച്ച പശ്ചാത്തലത്തിലാണ് ഇഡി വീണയെ അടിയന്തരമായി വിളിച്ചുവരുത്തിയത് എന്നാണ് വിവരം.
സി.എം.ആർ.എൽ.-എക്സാലോജിക് സാമ്പത്തികയിടപാട് കേസിൽ എസ്എഫ്ഐഓ കണ്ടെത്തിയ നിർണായക രേഖകൾ കഴിഞ്ഞ ദിവസമാണ് ഇഡിക്ക് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് ആദ്യം അന്വേഷണം നടത്തിയ എസ്എഫ്ഐഓ കണ്ടെത്തിയ തെളിവുകൾ ഉൾപ്പെടുന്ന 134 രേഖകളാണ് കേന്ദ്ര ഏജൻസിക്ക് കൈമാറിയിട്ടുള്ളത്.

