പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി മേഘാലയയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ 19-കാരൻ എക്സൈസ് പിടിയിലായി.
പാലക്കാട് കൊല്ലങ്കോട് സ്വദേശി ജിജിറ്റാണ് എക്സൈസ് സംഘത്തിന്റെ സാഹസിക നീക്കത്തിലൂടെ വലയിലായത്. വീടിന് ചുറ്റും ഇരുപതോളം നായ്ക്കളെ കാവൽ നിർത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സിനിമയെ വെല്ലുന്ന രീതിയിലാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 4-നാണ് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയയിൽ നിന്നും കഞ്ചാവ് അടങ്ങിയ പാഴ്സൽ എത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് സ്വദേശികളായ ആർ. സഞ്ജയ്, സഹോദരൻ ആർ. രാഹുൽ എന്നിവരെ എക്സൈസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുഹൃത്തായ ജിജിറ്റാണ് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്ത് വരുത്തിയതെന്ന് ഇവർ വെളിപ്പെടുത്തിയത്.
പാഴ്സൽ പിടിക്കപ്പെട്ട വിവരമറിഞ്ഞ് കഴിഞ്ഞ നാലര മാസമായി ഒളിവിൽ കഴിയുകയായിരുന്നു ജിജിറ്റ്. പ്രതി പുത്തൂരിലെ ഒരു വാടകവീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്.
ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതിയും വീട്ടുകാരും ചേർന്ന് വീട്ടുപറമ്പിൽ വളർത്തിയിരുന്ന ഇരുപതോളം നായ്ക്കളെ അഴിച്ചുവിട്ട് പരിഭ്രാന്തി സൃഷ്ടിച്ചു. നായ്ക്കളെ മുന്നിൽ നിർത്തി രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം.
എന്നാൽ പിന്മാറാൻ തയ്യാറാകാതിരുന്ന എക്സൈസ് സംഘം നായ്ക്കൾക്ക് ബിസ്ക്കറ്റുകൾ നൽകി ശാന്തരാക്കിയ ശേഷമാണ് വീടിനകത്തേക്ക് ഇരച്ചുകയറിയത്. ഒടുവിൽ പ്രതിയെ കീഴടക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എക്സൈസ് സംഘം കേസിൽ തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

