ഡൽഹി: ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന് നൃത്തസംവിധാനം നിർവഹിക്കുന്ന ആദ്യ ഇന്ത്യൻ കൊറിയോഗ്രാഫറായി മലയാളി താരം രജിത് ദേവ് ചരിത്രത്തിലേക്ക്. 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ആൽബത്തിലെ 18 ഗാനങ്ങളിൽ ഒന്നായ “സീർ സീർ” (Seer Seer) എന്ന ആഗോള ഗാനത്തിന്റെ കൊറിയോഗ്രഫിയാണ് രജിത് നിർവഹിച്ചത്.
ബോളിവുഡ് റാണിയും പ്രശസ്ത നർത്തകിയുമായ നോറ ഫത്തേഹി, ഫ്രഞ്ച് ഗായികയും ഗാനരചയിതാവുമായ വെജ്ഡ്രീം, പ്രശസ്ത സംഗീത സംവിധായകൻ സഞ്ജോയ് എന്നിവരുൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രതിഭകളാണ് ഈ ഗാനത്തിന് പിന്നിൽ അണിനിരക്കുന്നത്.
ഫുട്ബോൾ മോഹത്തിൽ നിന്ന് ലോകകപ്പ് വേദിയിലേക്ക്
മുംബൈയിലാണ് ജനിച്ചുവളർന്നതെങ്കിലും രജിത് ദേവിന്റെ കുടുംബ വേരുകൾ പാലക്കാട് ഷൊർണൂരിലാണ്. ചെറുപ്പകാലത്ത് മികച്ചൊരു ഫുട്ബോൾ കളിക്കാരനായിരുന്നു രജിത്. ഒടുവിൽ നൃത്തത്തിലൂടെ ലോകകപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് അദ്ദേഹം.
‘വക്കാ വക്കാ’, ‘വേവിങ് ഫ്ലാഗ്’ തുടങ്ങിയ ഐതിഹാസിക ലോകകപ്പ് ഗാനങ്ങൾ കേട്ടു വളർന്ന തനിക്ക്, ഈ ആഗോള വേദിയിലെത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് രജിത് പ്രതികരിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി നോറ ഫത്തേഹിയുമായി ചേർന്ന് പ്രവർത്തിക്കുന്നയാളാണ് രജിത്. നോറയുടെ ബോളിവുഡിലെ ഹിറ്റ് ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയത് ഇദ്ദേഹമാണ്. തന്റെ കരിയറിലെ ഏറ്റവും വലിയ അന്താരാഷ്ട്ര അവസരം കൈവന്നപ്പോൾ നോറ ഈ ദൗത്യത്തിലേക്ക് രജിതിനെ ഒപ്പം കൂട്ടുകയായിരുന്നു.
“ഒരു ടീം എന്ന നിലയിൽ ഞങ്ങൾ വളരെ ശക്തരാണ്. അവർ എന്റെ ചുവടുകൾക്ക് മാന്ത്രികസ്പർശം നൽകുന്നു. ഇപ്പോഴിതാ ലോകം മുഴുവൻ എന്റെ ഈ ചുവടുകൾ വെക്കാനൊരുങ്ങുകയാണ്. അതിന്റെ എല്ലാ ക്രെഡിറ്റും നോറ ഫത്തേഹിക്കാണ്,” രജിത് ദേവ് നന്ദിയോടെ കൂട്ടിച്ചേർത്തു.

