ഒമാൻ കടലിടുക്കിൽ യു.എസ് ആക്രമണം: മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു; അമേരിക്കൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

11 June 2026
ഒമാൻ കടലിടുക്കിൽ യു.എസ് ആക്രമണം: മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു; അമേരിക്കൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂഡൽഹി: ഒമാൻ കടലിടുക്കിൽ വെച്ച് പലാവു പതാകയുള്ള ‘എംടി സെറ്റെബെല്ലോ’ എന്ന ടാങ്കർ കപ്പലിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 21 പേരെ രക്ഷപ്പെടുത്തി.

ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്നു ഈ ടാങ്കറെന്നും, തങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാൻ കപ്പൽ തയ്യാറാകാതിരുന്നതിനാലാണ് ‘പ്രിസിഷൻ സ്ട്രൈക്ക്’ നടത്തിയതെന്നുമാണ് അമേരിക്കൻ സൈന്യത്തിന്റെ വാദം.

ഇന്ത്യൻ നാവികരുടെ മരണത്തിന് പിന്നാലെ രാജ്യം തങ്ങളുടെ ശക്തമായ പ്രതിഷേധം അമേരിക്കയെ അറിയിച്ചു. ന്യൂഡൽഹിയിലെ യു.എസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ (നയതന്ത്ര പ്രതിനിധി) അടിയന്തരമായി വിളിച്ചുവരുത്തിയാണ് ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇന്ത്യൻ നാവിക സമൂഹത്തിന് ഇത് നികത്താനാവാത്ത വലിയൊരു നഷ്ടമാണെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി. മരണപ്പെട്ട നാവികരുടെ കുടുംബാംഗങ്ങൾക്കൊപ്പം മോദി സർക്കാർ ഉറച്ചുനിൽക്കുമെന്നും, അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.