റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ വിമർശിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഫിൻലൻഡിൽ നടന്ന ‘കൾട്ടാരന്ത ടോക്സിൽ’ (Kultaranta Talks) പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ റഷ്യയോട് അമിത അനുഭാവം കാണിക്കുന്നുവെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും ദേശീയ താൽപ്പര്യവും മുൻനിർത്തി വിലക്കുറവും ലഭ്യതയും നോക്കിയാണ് ഇന്ത്യ എണ്ണ വാങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.യൂറോപ്യൻ രാജ്യങ്ങൾ മിഡിൽ ഈസ്റ്റിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങിയതോടെ, ഇന്ത്യയുടെ പരമ്പരാഗത വിതരണക്കാരായ ആ രാജ്യങ്ങളിൽ നിന്ന് എണ്ണ ലഭിക്കാത്ത അവസ്ഥയുണ്ടായി. അതിനാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുക എന്നത് സാഹചര്യങ്ങൾ ആവശ്യപ്പെട്ട ഒന്നായിരുന്നു.
ഇന്ത്യയുടെ ആഗോള സമാധാന നിലപാടുകൾ ഓർമ്മിപ്പിച്ച ജയശങ്കർ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി. ഇന്ത്യൻ നിർമ്മിത ആയുധങ്ങളാൽ ഒരു യൂറോപ്യൻ രാജ്യം പോലും ഇന്നേവരെ ആക്രമിക്കപ്പെട്ടിട്ടില്ല. എന്നാൽ വർഷങ്ങളായി ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾ വിറ്റഴിക്കുന്ന ആയുധങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്ത്യ ഒരിക്കലും യൂറോപ്പിന് ഭീഷണിയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യ പുലർത്തുന്ന പ്രായോഗികമായ സമീപനമാണ് താൻ വ്യക്തമാക്കിയതെന്ന് മന്ത്രി പറഞ്ഞു. റഷ്യ ഇന്ത്യയുടെ വിശ്വസ്തനായ ഊർജ്ജ പങ്കാളിയാണെന്നും, അതേസമയം തന്നെ പ്രകൃതി വാതകത്തിനായി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളെയും ഇന്ത്യ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

