മിസൈൽ പ്രതിരോധ രംഗത്ത് വൻ നേട്ടവുമായി ഇന്ത്യ; ഡിആർഡിഒ പരീക്ഷണങ്ങൾ വിജയകരം

13 June 2026
മിസൈൽ പ്രതിരോധ രംഗത്ത് വൻ നേട്ടവുമായി ഇന്ത്യ; ഡിആർഡിഒ പരീക്ഷണങ്ങൾ വിജയകരം

ന്യൂഡൽഹി: വിവിധ വ്യോമ-സമുദ്ര ഭീഷണികൾക്കെതിരെയുള്ള ഇന്ത്യയുടെ പ്രതിരോധ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചുകൊണ്ട്, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) മൂന്ന് തുടർച്ചയായ മിസൈൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി.

2026 ജൂൺ 10, 11 (ബുധൻ, വ്യാഴം) തീയതികളിൽ നടന്ന പരീക്ഷണങ്ങളിൽ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ (BMD) സംവിധാനവും,നാവികസേനയ്ക്കായി വികസിപ്പിച്ചെടുത്ത തദ്ദേശീയമായ നേവൽ ആന്റി-ഷിപ്പ് മിസൈൽ-മീഡിയം റേഞ്ച് (NASM-MR) എന്ന മിസൈലുമാണ് വിജയകരമായി പരീക്ഷിച്ചത്.

പ്രതിരോധ മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം, തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ വലിയൊരു നാഴികക്കല്ലാണ് ഈ ആദ്യ പരീക്ഷണങ്ങളിലൂടെ രാജ്യം കൈവരിച്ചിരിക്കുന്നത്. ഈ വിജയത്തോടെ, അന്തർഭൂഖണ്ഡ ബാലിസ്റ്റിക് മിസൈലുകളെ (ICBM) വരെ തടയാൻ ശേഷിയുള്ള മിസൈൽ പ്രതിരോധ സംവിധാനമുള്ള ലോകത്തെ ചുരുക്കം ചില എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു.

നിർണായകമായ ഈ സാങ്കേതിക നേട്ടത്തിൽ ഡിആർഡിഒ ശാസ്ത്രജ്ഞരെയും പങ്കാളികളായ സേനാംഗങ്ങളെയും അഭിനന്ദിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഈ നേട്ടം രാജ്യത്തിന്റെ പ്രതിരോധ സന്നദ്ധതയെ കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കി.