ജയ്പൂരിൽ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ ആക്രമണം; മുഖത്തടിച്ചു

15 June 2026
ജയ്പൂരിൽ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ ആക്രമണം; മുഖത്തടിച്ചു

ജയ്പൂർ: കോക്രോച്ച് ജനത പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ ജയ്പൂരിൽ വെച്ച് അതിക്രമം. രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ ജയ്പൂരിലെ ഷഹീദ് സ്മാരകിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം. ജനക്കൂട്ടത്തിനിടയിൽ വെച്ച് ചിലർ ദീപ്കെയുടെ മുഖത്തടിക്കുകയായിരുന്നു.

പ്രതിഷേധ വേദിയിലേക്ക് അനുയായികൾ തോളിലേറ്റിക്കൊണ്ട് വരുന്നതിനിടെയാണ് ദീപ്കെയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിൽ നിന്ന് പാഞ്ഞെത്തിയ സംഘം ദീപ്കെയുടെ സ്കാർഫ് വലിച്ചുകീറുകയും മുഖത്ത് പലതവണ അടിക്കുകയുമായിരുന്നു.

തുടർന്ന് ദീപ്കെയുടെ അനുയായികൾ അക്രമികളെ തടയുകയും മർദിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടൻ തന്നെ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ ഭീരുക്കളാണെന്നും ഇത്തരം ഭീഷണികൾ കൊണ്ട് തങ്ങളെ നിശ്ശബ്ദരാക്കാൻ കഴിയില്ലെന്നും അഭിജീത് ദീപ്കെ എക്സിൽ (ട്വിറ്റർ) കുറിച്ചു. കൂടുതൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും, സമാധാനം നിലനിർത്താൻ അണികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അടുത്ത ഘട്ട പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.