പൗരബോധത്തിലൂടെയും ശുചിത്വബോധത്തിലൂടെയും വീണ്ടും ലോകത്തിന്റെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാൻ ഫുട്ബോൾ ആരാധകർ.
2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സുമായി നേരിട്ട ആവേശപ്പോരാട്ടത്തിന് ശേഷമാണ് ഡാളസ് സ്റ്റേഡിയത്തിൽ ജപ്പാൻ ആരാധകർ മാതൃകയായത്. സ്റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാൻ ആരാധകരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മത്സരത്തിലുടനീളം തങ്ങളുടെ ടീമിനെ ആവേശത്തോടെ പിന്തുണയ്ക്കാൻ നീല കവറുകൾ വായുവിൽ വീശിയായിരുന്നു ജപ്പാൻ ആരാധകർ ഗാലറിയിൽ നിറഞ്ഞത്. എന്നാൽ മത്സരം കഴിഞ്ഞ് റഫറിയുടെ അവസാന വിസിലും മുഴങ്ങിയതോടെ കളി മാറി. തങ്ങൾ ആവേശത്തോടെ വീശിയ അതേ നീല കവറുകളുമായി അവർ ഗാലറിയിലെ ഓരോ വരിയിലും ഇറങ്ങി.അവിടെ കിടന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും പെറുക്കിയെടുത്ത് കവറുകളിലാക്കാൻ തുടങ്ങി.
വേൾഡ് കപ്പ് വേദികളിൽ ജപ്പാൻ ആരാധകർ സ്റ്റേഡിയം വൃത്തിയാക്കുന്നത് ഇതാദ്യമായല്ല. 1998 ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിൽ ജപ്പാൻ ആദ്യമായി പങ്കെടുത്തപ്പോൾ മുതൽ അവർ തുടരുന്ന ഒരു പാരമ്പര്യമാണിത്. കഴിഞ്ഞ 2022 ഖത്തർ ലോകകപ്പിലും ഈ ദൃശ്യങ്ങൾ ലോകം കണ്ടതാണ്.
ജപ്പാൻ ആരാധകർ സ്റ്റേഡിയം വൃത്തിയാക്കുന്ന വീഡിയോ ഫിഫയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടാണ് പങ്കുവെച്ചത്.കളി തോറ്റാലും ജയിച്ചാലും തങ്ങളുടെ സംസ്കാരവും പൗരബോധവും കൈവിടാത്ത ജപ്പാൻ ആരാധകർ ഒരിക്കൽക്കൂടി ലോകത്തിന് വലിയൊരു മാതൃകയാണ് സമ്മാനിക്കുന്നത്.

