ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെയും വിവാദങ്ങളെയും തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ നാളെ (ജൂൺ 21) വീണ്ടും നടക്കും. സുതാര്യവും സുരക്ഷിതവുമായ പരീക്ഷാ നടത്തിപ്പ് ഉറപ്പാക്കാൻ എൻടിഎ ഇത്തവണ അതീവ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ ഹാളിലേക്ക് ഉദ്യോഗാർത്ഥികൾ കൊണ്ടുവരാൻ പാടില്ലാത്ത വസ്തുക്കളുടെ കൃത്യമായ പട്ടിക എൻടിഎ പുറത്തുവിട്ടു.
പരീക്ഷാ ഹാളിൽ കർശന നിയന്ത്രണം; ഇവയൊന്നും അനുവദിക്കില്ല:
ഇലക്ട്രോണിക് ഉപകരണങ്ങൾ: മൊബൈൽ ഫോണുകൾ, ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ, ഇയർഫോണുകൾ, മൈക്രോഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഹെൽത്ത് ബാൻഡുകൾ, കാൽക്കുലേറ്ററുകൾ, പേജറുകൾ, ക്യാമറകൾ.
സ്റ്റേഷനറി സാധനങ്ങൾ: സ്വന്തമായി പേന, പെൻസിൽ, പെൻസിൽ ബോക്സുകൾ, പ്ലാസ്റ്റിക് പൗച്ചുകൾ, റൈറ്റിങ് പാഡുകൾ, ലോഗ് ടേബിളുകൾ, പുസ്തകങ്ങൾ.
വ്യക്തിഗത വസ്തുക്കൾ: വാലറ്റുകൾ, സൺഗ്ലാസുകൾ (ഗോഗിൾസ്), ഹാൻഡ്ബാഗുകൾ, ബെൽറ്റുകൾ, തൊപ്പികൾ.
ആഭരണങ്ങൾ: സ്വർണ്ണാഭരണങ്ങൾ, കമ്മലുകൾ, മാലകൾ, വളകൾ, മോതിരങ്ങൾ തുടങ്ങി എല്ലാവിധ ലോഹ ആഭരണങ്ങളും വിദ്യാർത്ഥികൾ ഒഴിവാക്കേണ്ടതാണ്.
ഭക്ഷണസാധനങ്ങൾ: കുപ്പിവെള്ളം, ചായ, കാപ്പി, സ്നാക്ക്സ്, മിഠായികൾ എന്നിവയ്ക്ക് അനുമതിയില്ല. എന്നാൽ, പ്രമേഹ രോഗികളായ വിദ്യാർത്ഥികൾക്ക് പ്രത്യേക അനുമതിയോടെ ചില നിയന്ത്രണങ്ങൾക്ക് വിധേയമായി ഭക്ഷണവും സുതാര്യമായ കുപ്പിവെള്ളവും കരുതാൻ സാധിക്കും.
പ്രത്യേക ശ്രദ്ധയ്ക്ക്:
പരീക്ഷാ കേന്ദ്രങ്ങളിൽ ഇത്തരം നിരോധിത സാധനങ്ങൾ സൂക്ഷിക്കാനുള്ള ക്ലോക്ക് റൂം സൗകര്യം എൻടിഎ ഉറപ്പുനൽകുന്നില്ല. അതിനാൽ വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുവന്ന് നഷ്ടപ്പെടാതിരിക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് എൻടിഎ അറിയിച്ചു.
പരീക്ഷാ സമയത്തിൽ 15 മിനിറ്റ് വർദ്ധിപ്പിച്ചു. മുൻപുണ്ടായിരുന്ന 180 മിനിറ്റിന് (3 മണിക്കൂർ) പകരം ഇനി മുതൽ 195 മിനിറ്റ് (3 മണിക്കൂർ 15 മിനിറ്റ്) സമയമാണ് പരീക്ഷയ്ക്കായി ലഭിക്കുക.
കൂടാതെ, റഫ് വർക്കിനുള്ള പേജുകളുടെ എണ്ണം രണ്ടിൽ നിന്നും നാലായി ഉയർത്തിയിട്ടുണ്ട്. ഇടംകയ്യരായ വിദ്യാർത്ഥികളുടെ എഴുത്തുസൗകര്യം കൂടി പരിഗണിച്ചാണ് ചോദ്യപ്പേപ്പറിന്റെ തുടക്കത്തിലും അവസാനത്തിലുമായി ഈ റഫ് പേജുകൾ ക്രമീകരിച്ചിരിക്കുന്നത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന പരീക്ഷയായതിനാൽ രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

