നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ

24 June 2026
നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിനിടെ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ രൂക്ഷമായ വാഗ്വാദം.

മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിലാണ് സഭയെ ചൂടുപിടിപ്പിച്ച വാക്കേറ്റം ഉണ്ടായത്. കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചുള്ള പരാമർശമാണ് ഇരുനേതാക്കളും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് വഴിവെച്ചത്.

സിപിഎം നേതൃത്വത്തെ പാർട്ടിക്കുള്ളിലെ അണികൾ തന്നെ ഇപ്പോൾ ചോദ്യം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പരിഹസിച്ചു. ഇതിൽ രോഷാകുലനായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, “അതൊക്കെ വല്ലാത്തൊരു പൂതിയാണ്” എന്ന് തിരിച്ചടിച്ചു.നിങ്ങളെയൊക്കെ പിന്താങ്ങുന്ന വലതുപക്ഷ മാധ്യമങ്ങൾ ഞങ്ങളെ കൊത്തിക്കീറി നടക്കുകയായിരുന്നുവെന്നും, അതൊക്കെ നേരിട്ടുകൊണ്ട് തന്നെയാണ് തങ്ങൾ ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് പിളരുമെന്ന ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. സഭയിൽ വെറും മൂന്ന് പേർ മാത്രമുള്ള ബിജെപി ആദ്യം ഒരുമിച്ചിരിക്കാൻ നോക്കണമെന്നായിരുന്നു സതീശന്റെ പരിഹാസം.