പാക്കിസ്ഥാന്റെ ഭീകരവാദ ആരോപണങ്ങൾ പൂർണ്ണമായി തള്ളി ഇന്ത്യ

29 June 2026
പാക്കിസ്ഥാന്റെ ഭീകരവാദ ആരോപണങ്ങൾ പൂർണ്ണമായി തള്ളി ഇന്ത്യ

ന്യൂഡൽഹി: പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യയെ ബന്ധിപ്പിച്ചുകൊണ്ട് ഉയർന്നു വന്ന ആരോപണങ്ങൾ പൂർണ്ണമായി തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.

പാക്കിസ്ഥാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് മുൻപ് സ്വന്തം രാജ്യത്തിനകത്ത് പ്രവർത്തിക്കുന്ന ഭീകരവാദ കേന്ദ്രങ്ങൾ തകർക്കാനാണ് പാക്കിസ്ഥാൻ ശ്രദ്ധിക്കേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കി.

കറാച്ചി ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന തരത്തിൽ ചില പാക്ക് മാധ്യമങ്ങൾ വാർത്തകൾ നൽകിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ത്യയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.

“കറാച്ചിയിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവയെ ഞങ്ങൾ പൂർണമായും തള്ളിക്കളയുന്നു. മറ്റുള്ളവർക്കു നേരെ വിരൽ ചൂണ്ടുന്നതിനു മുൻപ് സ്വന്തം രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഭീകരവാദ ശൃംഖലകൾക്കെതിരെ വിശ്വസനീയമായ തരത്തിൽ നടപടി സ്വീകരിക്കാൻ പാക്കിസ്ഥാൻ തയാറാകണം”.

രൺധീർ ജയ്‌സ്വാൾ, വിദേശകാര്യ മന്ത്രാലയ വക്താവ്

കറാച്ചിയിലെ അർധസൈനിക വിഭാഗമായ റേഞ്ചേഴ്‌സിന്റെ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ച വൈകിട്ട് ആയുധധാരികളായ സംഘം ആക്രമണം നടത്തിയത്. സ്ഫോടക വസ്തുക്കൾ നിറഞ്ഞ വാഹനം ഇടിച്ചു കയറ്റിയതിനെ തുടർന്നുണ്ടായ ശക്തമായ സ്ഫോടനത്തോടെയായിരുന്നു ആക്രമണത്തിന്റെ തുടക്കം. ഇതിന് പിന്നാലെ പ്രദേശത്ത് ശക്തമായ വെടിവയ്പ്പും ഉണ്ടായി.