അയോധ്യ സംഭാവനക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ അടിയന്തര വാദമില്ല; ‘ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ലെന്ന്’ സുപ്രീംകോടതി

29 June 2026
അയോധ്യ സംഭാവനക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ അടിയന്തര വാദമില്ല; ‘ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ലെന്ന്’ സുപ്രീംകോടതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവനക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.

ജസ്റ്റിസുമാരായ എം. എം. സുന്ദ്രേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ അടിയന്തര പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, “ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല, എന്താണിത്ര തിടുക്കം?” എന്ന് ഹർജിക്കാരോട് ചോദിച്ചു.

അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച ഫണ്ടുകളിൽ വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകളും നിയമവിരുദ്ധമായ കാര്യങ്ങളും നടന്നിട്ടുണ്ടെന്നും, ഇതിനെക്കുറിച്ച് സിബിഐയുടെ നേതൃത്വത്തിലുള്ള മൾട്ടി-ഡിസിപ്ലിനറി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) അന്വേഷിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

അതേസമയം, സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (SIT) അദ്ദേഹത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളിൽ ട്രസ്റ്റ് മുൻ അംഗമായിരുന്ന അനിൽ മിശ്ര, ട്രസ്റ്റുമായി അടുത്ത ബന്ധമുള്ള ഗോപാൽ റാവു എന്നിവരെയും അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.