വിലക്ക് പിൻവലിച്ചു; ശ്രീശാന്ത് മാപ്പപേക്ഷിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ, കെ.സി.എല്ലിൽ തുടരാം

1 July 2026
വിലക്ക് പിൻവലിച്ചു; ശ്രീശാന്ത് മാപ്പപേക്ഷിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ, കെ.സി.എല്ലിൽ തുടരാം

തിരുവനന്തപുരം: മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനം. അസോസിയേഷനെതിരെ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ വിവാദ പരാമർശങ്ങളിൽ താരം ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നൽകിയതിനെ തുടർന്നാണ് നടപടി.

2026 ജൂലൈ 1-ന് ചേർന്ന കെ.സി.എ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിലാണ് ശ്രീശാന്തിന്റെ മാപ്പപേക്ഷ പരിഗണിച്ച് വിലക്ക് പിൻവലിക്കാൻ ഐകകണ്ഠ്യേന തീരുമാനിച്ചത്. താരം നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ ആശ്വാസ നടപടി. എന്നാൽ, ഭാവിയിൽ ഇത്തരം അച്ചടക്കലംഘനങ്ങൾ ആവർത്തിച്ചാൽ കർശനമായ നടപടികൾ നേരിടേണ്ടിവരുമെന്ന് യോഗം ശ്രീശാന്തിന് ശക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

നിയമപോരാട്ടത്തിനൊടുവിൽ മാപ്പപേക്ഷ

സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ സംസാരിച്ചതിനാണ് കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗ് (KCL) സീസൺ മത്സരങ്ങൾക്ക് തൊട്ടുമുമ്പ് ശ്രീശാന്തിന് അസോസിയേഷൻ മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തിയത്. കെ.സി.എയുടെ നടപടിക്കെതിരെ താരം തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളുകയായിരുന്നു. നിയമനടപടികൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് താരം അസോസിയേഷന് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചത്.

കേരള ക്രിക്കറ്റ് ലീഗിൽ തുടരാം

വിലക്ക് നീങ്ങിയതോടെ വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (KCL) സീസൺ 3-ൽ സജീവമാകാൻ ശ്രീശാന്തിന് സാധിക്കും. ലീഗിലെ പ്രമുഖ ഫ്രാഞ്ചൈസിയായ ഏരീസ് കൊല്ലം സെയിലേഴ്സ് (Aries Kollam Sailors) ടീമിന്റെ സഹഉടമയായി തുടരുന്നതിന് ഈ വിലക്ക് നീക്കൽ താരത്തിന് വലിയ തുണയാകും.