ന്യൂഡൽഹി: ആപ്പിളിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സ്മാർട്ട്ഫോണായ ഐഫോൺ 18 പ്രോയുടെ അതീവ രഹസ്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ആപ്പിളിന്റെ ഇന്ത്യയിലെ പ്രധാന നിർമാണ പങ്കാളികളിലൊന്നായ ടാറ്റ ഇലക്ട്രോണിക്സിൽനിന്നാണ് വിവരങ്ങൾ ചോർന്നത്. വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്ര ഐടി സെക്രട്ടറി എസ്. കൃഷ്ണനാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഒരു പ്രമുഖ റാൻസംവെയർ ഗ്രൂപ്പ് ചോർത്തിയ ഫയലുകൾ ഡാർക്ക് വെബ്ബിൽ പരസ്യപ്പെടുത്തുകയായിരുന്നു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെ (സെർട്ട്-ഇൻ) സംഭവം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ഐടി മന്ത്രാലയം വിഷയം ഗൗരവമായി അന്വേഷിക്കുകയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഐഫോൺ 18 പ്രോ മോഡലുകളുടെ പ്രധാന സർക്യൂട്ട് ബോർഡിലെ ചിപ്പുകൾ, ബാറ്ററി, ക്യാമറ മൊഡ്യൂളുകൾ എന്നിവയുൾപ്പെടെ നൂറുകണക്കിന് ഘടകങ്ങളുടെ വിവരങ്ങളും ചോർന്ന ഫയലുകളിൽ ഉൾപ്പെടുന്നു. ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിന് മുൻപ് ഇത്തരം വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്ന ആപ്പിളിന് ഈ ചോർച്ച വലിയ തിരിച്ചടിയാണ്. ഇതിനുപുറമേ, 2026-ന്റെ തുടക്കത്തിൽ ടാറ്റയുടെ പ്ലാന്റിൽ വെച്ച് നടത്തിയ ഐഫോണുകളുടെ ഡ്രോപ്പ് ടെസ്റ്റിന്റെ (Drop-test) ചിത്രങ്ങളും ഡാർക്ക് വെബ്ബിൽ പ്രചരിക്കുന്നുണ്ട്.
ആഗോളതലത്തിൽ ചൈനയ്ക്ക് ബദലായി ഇന്ത്യയെ പ്രധാന നിർമാണ ഹബ്ബാക്കാൻ ആപ്പിൾ ശ്രമിക്കുന്നതിനിടെയുണ്ടായ ഈ സൈബർ സുരക്ഷാ വീഴ്ചയെ ഐടി മന്ത്രാലയം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്.

