തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ആയുഷ് ഹോമിയോപ്പതി വിഭാഗത്തിലെ ഉന്നത നിയമനത്തിൽ വൻ അഴിച്ചുപണിയും ദുരൂഹതയും. ആയുഷ് ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിതനായ ഡോ. ആർ രജികുമാറിന്റെ നിയമന ഉത്തരവ് മന്ത്രി കെ മുരളീധരൻ റദ്ദാക്കി. പകരം ഡോ. അനിൽ എസ് കെയെ പുതിയ സ്റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി.
കഴിഞ്ഞ ജൂൺ 26-നായിരുന്നു ഡോ. ആർ രജികുമാറിനെ ഈ തസ്തികയിലേക്ക് നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നത്. എന്നാൽ, നിയമനം നടന്ന് വെറും നാല് ദിവസം മാത്രം പിന്നിടുമ്പോഴാണ് മന്ത്രിയുടെ അടിയന്തര ഇടപെടലിലൂടെ ഈ ഉത്തരവ് റദ്ദാക്കുന്നത്.
പെട്ടെന്നുള്ള ഈ മാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. മുൻപ് ഈ പദവിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് രജികുമാറിനെ നിയമിക്കുന്നതെന്ന് ആദ്യ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, പുതിയ ഉത്തരവിൽ ‘ആരോഗ്യമന്ത്രിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെയാണ് ആയുഷ് വകുപ്പിൽ പല നിയമനങ്ങളും നടക്കുന്നതെന്ന ആക്ഷേപം മുൻപും ശക്തമായിരുന്നു. അതിനിടയിലാണ് പുതിയ വിവാദം കൂടി പുകയുന്നത്. മന്ത്രിയുടെ ഈ നാടകീയ നടപടിക്കെതിരെ ഡോക്ടർമാർക്കിടയിൽ കടുത്ത അസംതൃപ്തിയും പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

