സിറപ്പുകൾക്കും ടോണിക്കുകൾക്കും നിയന്ത്രണം: 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളുണ്ടെങ്കിൽ ഇനി ‘ഷെഡ്യൂൾ എച്ച് 1’; പ്രിസ്ക്രിപ്ഷൻ നിർബന്ധം

10 July 2026
സിറപ്പുകൾക്കും ടോണിക്കുകൾക്കും നിയന്ത്രണം: 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളുണ്ടെങ്കിൽ ഇനി ‘ഷെഡ്യൂൾ എച്ച് 1’; പ്രിസ്ക്രിപ്ഷൻ നിർബന്ധം

ഡൽഹി: രാജ്യത്ത് ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ മരുന്നുകളുടെ വിപണനത്തിന് കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ള മരുന്നുകൾ ഇനി മുതൽ ഡോക്ടറുടെ കൃത്യമായ കുറിപ്പടി (prescription) ഇല്ലാതെ വിൽക്കാൻ പാടില്ലെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഉത്തരവിറക്കി.

ഇത്തരം മരുന്നുകൾക്ക് ഡ്രഗ്സ് ചട്ടങ്ങളിലെ ‘ഷെഡ്യൂൾ കെ’ പ്രകാരം ഇതുവരെ ലഭിച്ചിരുന്ന ഇളവുകൾ പൂർണ്ണമായും റദ്ദാക്കി. ഇവയെ കർശന നിരീക്ഷണമുള്ള മരുന്നുകളുടെ വിഭാഗമായ ‘ഷെഡ്യൂൾ എച്ച് 1’-ലേക്ക് മാറ്റിയിട്ടുണ്ട്.

വിപണിയിലുള്ള ചില ചുമ സിറപ്പുകൾ, ടോണിക്കുകൾ, ദ്രവരൂപത്തിലുള്ള മറ്റ് ഔഷധങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇവ വാങ്ങി ലഹരിക്കായി ദുരുപയോഗം ചെയ്യുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തര നടപടി.

ഷെഡ്യൂൾ എച്ച് വണ്ണിലേക്ക് മാറ്റുന്നതിലൂടെ മരുന്നുകളുടെ ദുരുപയോഗം തടയാനും ഉത്തരവാദിത്തത്തോടെയുള്ള വിതരണം ഉറപ്പാക്കാനും സാധിക്കുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, ഫാർമസികൾക്ക് പുതിയ ഉത്തരവ് കൂടുതൽ ഉത്തരവാദിത്തം നൽകുന്നു. ഈ വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ വിൽക്കുമ്പോൾ ഡോക്ടറുടെ കുറിപ്പടി പരിശോധിക്കുന്നതിനൊപ്പം അതിന്റെ കൃത്യമായ റെക്കോർഡുകൾ സൂക്ഷിക്കാൻ ഫാർമസികൾ ബാധ്യസ്ഥരായിരിക്കും.