പിഎസ്‌സിയുടെ എതിർപ്പ് തള്ളി വിവരാവകാശ കമ്മീഷൻ;ആസൂത്രണ ബോർഡ് നിയമന പരീക്ഷാ രേഖകൾ പുറത്തുവിടാൻ ഉത്തരവ്

6 July 2026
പിഎസ്‌സിയുടെ എതിർപ്പ് തള്ളി വിവരാവകാശ കമ്മീഷൻ;ആസൂത്രണ ബോർഡ് നിയമന പരീക്ഷാ രേഖകൾ പുറത്തുവിടാൻ ഉത്തരവ്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് പിഎസ്‍സിക്ക് കനത്ത തിരിച്ചടി. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാ സ്ട്രക്ചർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ രേഖകൾ പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു.

പിഎസ്‍സിയുടെ എതിർപ്പ് പൂർണ്ണമായും തള്ളിക്കൊണ്ടാണ് വിവരാവകാശ കമ്മീഷന്റെ ഈ നിർണ്ണായക ഇടപെടൽ.

ഉത്തരവ് ലഭിച്ച് 7 ദിവസത്തിനകം അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾക്ക് ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറണം.

പരീക്ഷ എഴുതിയ എല്ലാവരുടെയും മാർക്ക് പട്ടിക, ഉത്തരക്കടലാസിന്റെ (Answer Sheet) പകർപ്പ്, അഭിമുഖത്തിന് (Interview) നൽകിയ മാർക്കിന്റെ വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ നൽകണമെന്നാണ് കർശന നിർദ്ദേശം. വിവരാവകാശ നിയമപ്രകാരം (RTI) മുൻപ് അപേക്ഷിച്ചിട്ടും പിഎസ്‍സി നൽകാതിരുന്ന രേഖകളാണ് ഇനി പുറത്തുവരിക.

ഈ പരീക്ഷയിൽ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിച്ചിരുന്നില്ല എന്ന ഗുരുതരമായ വസ്തുത നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ കമ്മീഷന്റെ പുതിയ ഉത്തരവ്. നിയമനത്തിൽ കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരാൻ പുതിയ രേഖകൾ പുറത്തുവരുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.