മുംബൈ: പശ്ചിമേഷ്യയിൽ വീണ്ടും ഉടലെടുത്ത രാഷ്ട്രീയ സംഘർഷങ്ങളും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും കാരണം ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച.
ആഗോള വിപണിയിലെ തളർച്ചയും വിപണിയെ പ്രതികൂലമായി ബാധിച്ചതോടെ സെൻസെക്സ് 1600-ലധികം പോയിന്റാണ് ഇടിഞ്ഞത്.നിഫ്റ്റി സുപ്രധാനമായ 24,000 പോയിന്റിന് താഴേക്ക് പതിക്കുകയും ചെയ്തു.
ഇറാനിൽ അമേരിക്ക വീണ്ടും ശക്തമായ ആക്രമണങ്ങൾ നടത്തിയതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി ലൈസൻസ് അമേരിക്ക റദ്ദാക്കി. ഇതോടെ വരും ദിവസങ്ങളിൽ ഇന്ധന വിതരണം പൂർണ്ണമായി തടസ്സപ്പെടുമെന്ന ഭീതി ആഗോളതലത്തിൽ ശക്തമായിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 4.25 ശതമാനം വർധിച്ച് ബാരലിന് 77.31 ഡോളറിലെത്തി. ഡബ്ല്യു.ടി.ഐ (WTI) ക്രൂഡ് വില 4.22 ശതമാനം ഉയർന്ന് 73.41 ഡോളറുമായി.

