പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെ ആറുപതിറ്റാണ്ട് നീണ്ട സംഗീതജീവിതം അത്ഭുതങ്ങളും റെക്കോർഡുകളും നിറഞ്ഞതായിരുന്നു. ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ തന്റേതായ ഇടം നേടിയ ജാനകിയമ്മ

]കോടിക്കണക്കിന് ആളുകളെ തന്റെ പാട്ടുകളിലൂടെ വിസ്മയിപ്പിച്ച എസ്. ജാനകി ശാസ്ത്രീയ സംഗീതം ഔദ്യോഗികമായി അഭ്യസിച്ചിട്ടില്ലായിരുന്നു എന്നതാണ് ഏറ്റവും വിസ്മയകരമായ കാര്യം. ഒൻപതാം വയസ്സിൽ ആദ്യമായി ഒരു വേദിയിൽ ഗാനം ആലപിച്ച ജാനകിയുടെ സംഗീതഗുരു നാദസ്വരം വിദ്വാൻ പൈഡിസ്വാമിയായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഇന്ത്യൻ ഭാഷകൾക്ക് പുറമെ ജർമൻ, ഇംഗ്ലീഷ്, സിംഹള, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിലായി ഇരുപതോളം ഭാഷകളിൽ 48,000-ലധികം ഗാനങ്ങളാണ് ജാനകിയമ്മ ആലപിച്ചത്. വ്യത്യസ്തമായ ശബ്ദമാധുരിയും ഭാവപ്രകടനങ്ങളുമായിരുന്നു അവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തിയത്.
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നാല് തവണയാണ് ജാനകിയെ തേടിയെത്തിയത്. ഇതുകൂടാതെ വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങൾ 33 തവണയും അവർ സ്വന്തമാക്കി. മൈസൂരു സർവകലാശാല ഹോണററി ഡോക്ടറേറ്റ് നൽകിയും കർണാടക സർക്കാർ രാജ്യോത്സവ പ്രശസ്തി നൽകിയും അവരെ ആദരിച്ചിട്ടുണ്ട്.

2013-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കാൻ തീരുമാനിച്ചെങ്കിലും എസ്. ജാനകി അത് നിരസിക്കുകയായിരുന്നു. ദക്ഷിണേന്ത്യൻ കലാകാരന്മാരെ രാജ്യം വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും വൈകി വന്ന അംഗീകാരമാണെന്നും ചൂണ്ടിക്കാണിച്ചാണ് അവർ അന്ന് പുരസ്കാരം വേണ്ടെന്ന് വെച്ചത്.
1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച്, പിന്നീട് തെന്നിന്ത്യയുടെ മുഴുവൻ വാനമ്പാടിയായി മാറിയ ആ സംഗീത സപര്യയ്ക്ക് ഇതോടെ വിരാമമാവുകയാണ്.

