വിയറ്റ്‌നാമിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് വൻ അപകടം: 15 മരണം; ബോട്ടിൽ രണ്ട് മലയാളികളും

11 July 2026
വിയറ്റ്‌നാമിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് വൻ അപകടം: 15 മരണം; ബോട്ടിൽ രണ്ട് മലയാളികളും

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ പ്രമുഖ വിനോദസഞ്ചാര ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ ടൂറിസ്റ്റുകളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ രണ്ട് സ്ത്രീകളും 13 പുരുഷന്മാരും ഉൾപ്പെടെ 15 പേർ മരണപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തിൽപ്പെട്ട ബോട്ടിൽ രണ്ട് മലയാളികളും ഉൾപ്പെട്ടിരുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങൾ. കൊല്ലം കൊട്ടാരക്കര സ്വദേശികളായ വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമ എ.വി. തോമസ്, ഭാര്യ ലൌനി എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്.

മരണപ്പെട്ടവരിൽ ഭൂരിഭാഗവും തമിഴ്‌നാട് സ്വദേശികളാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ പഴനി സ്വദേശിയായ മുരുകപ്രഭു (44) അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആദരാഞ്ജലികൾ  നേർന്നു.

വിയറ്റ്‌നാം അധികൃതരുമായി ചേർന്ന് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും നിയമപരമായ നടപടികളും വേഗത്തിലാക്കാനും നമ്മുടെ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചുവരുന്നതായി പ്രധാനമന്ത്രി സംഭവത്തിൽ പ്രതികരിച്ചു.