ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പേരെടുത്ത് പറയാതെ വിമർശനവുമായി ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും മന്നത്ത് പത്മനാഭന്റെ പ്രതിമയുടെ അനാച്ഛാദനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാനാണ് ജനറൽ സെക്രട്ടറി, അതുകൊണ്ട് ഇന്നയാൾ വരണം, ഇന്നയാൾ വരേണ്ട എന്ന് തീരുമാനിക്കാൻ ആർക്കും അവകാശമില്ല,” എന്ന് ഉപരാഷ്ട്രപതി തുറന്നടിച്ചു. താനാണ് സർവവുമെന്ന് ആരും കരുതരുതെന്നും കർമയോഗിയായ മന്നം പത്മനാഭന്റെ സംഭാവനകൾ കാരണമാണ് നിങ്ങൾക്കെല്ലാം ഈ സ്ഥാനം ലഭിച്ചതെന്ന ബോധ്യം വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മന്നത്തിന്റെ സ്മൃതിസ്ഥാനത്തേക്ക് വരുന്നത് തടയാൻ ആർക്കും അധികാരമില്ലെന്നും എല്ലാവരും അവിടേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
പെരുന്നയിൽ പുഷ്പാർച്ചനയ്ക്ക് എത്തുന്ന പലരെയും ജനറൽ സെക്രട്ടറി തടയുന്നു എന്ന വിമർശനങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ പരാമർശം.

