അയോധ്യ രാമക്ഷേത്ര ഫണ്ട് വിവാദം: എസ്.ഐ.ടിയോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

13 July 2026
അയോധ്യ രാമക്ഷേത്ര ഫണ്ട് വിവാദം: എസ്.ഐ.ടിയോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവന ശേഖരണത്തിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് (എസ്.ഐ.ടി.) റിപ്പോർട്ട് തേടി സുപ്രീംകോടതി. നിലവിലെ അന്വേഷണ പുരോഗതിയും അന്വേഷണ സംഘത്തിന്റെ ഘടനയും വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്.

വിഷയത്തിൽ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ അടുത്തയാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹർജിയിൽ കേന്ദ്രസർക്കാർ, ഉത്തർപ്രദേശ് സർക്കാർ, ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് എന്നിവർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

ക്ഷേത്ര നിർമാണത്തിനായി പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ശേഖരിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ വൻ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും നടന്നിട്ടുണ്ടെന്നും, ഇതിൽ സുതാര്യമായ അന്വേഷണം വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.