പത്തനംതിട്ട: ശബരിമലയിലെ പുതിയ തന്ത്രിയായി കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ.
മകനെ തന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കാനാണ് ദേവസ്വം ബോർഡിന്റെ നീക്കം.
ബ്രഹ്മദത്തനെ തന്ത്രിയാക്കുന്ന കാര്യത്തിൽ ബോർഡ് അംഗങ്ങൾക്കിടയിൽ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ദേവസ്വം ബോർഡിന്റെ ഈ തീരുമാനം ഉടൻ തന്നെ ഹൈക്കോടതിയെ അറിയിക്കും. തന്ത്രി സ്ഥാനത്തുനിന്ന് താഴമൺ കുടുംബത്തെ മാറ്റേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന നിലപാടിലാകും ബോർഡ് കോടതിയെ സമീപിക്കുക.
നിലവിൽ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ പരിഗണനയിലുള്ള ഈ വിഷയത്തിൽ കോടതിയായിരിക്കും അന്തിമ തീരുമാനമെടുക്കുക.
കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകാൻ പൂർണ്ണ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

