തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ ആവേശം തടസ്സമില്ലാതെ ആസ്വദിക്കാൻ ആരാധകർക്ക് കെഎസ്ഇബിയുടെ ഉറപ്പ്. ഇന്ന് സംസ്ഥാനത്ത് യാതൊരുവിധ വൈദ്യുതി നിയന്ത്രണവും ഉണ്ടാകില്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
ഫൈനൽ മത്സരം തത്സമയം കാണുന്നതിന് തടസ്സമുണ്ടാകാതിരിക്കാൻ എത്ര വലിയ തുക നൽകിയായാലും പുറത്തുനിന്ന് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ തീരുമാനം. ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ പോരാടുന്ന ഇന്നത്തെ മെഗാ പോരാട്ടത്തിന് വൈദ്യുതി മുടക്കം വില്ലനാകില്ലെന്ന വാർത്ത കായികപ്രേമികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇതിന് പുറമെ, രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിൽ വലിയ കുറവും രേഖപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് ഉയർന്ന വില നൽകി അധിക വൈദ്യുതി ലഭ്യമാക്കി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി അടിയന്തര നടപടി സ്വീകരിച്ചത്.

