വിഎസ് അനുസ്മരണ വാരാന്തപ്പതിപ്പ് ഒഴിവാക്കിയെന്ന വാർത്തകൾ അടിസ്ഥാനരഹിതം – എം. സ്വരാജ്

19 July 2026
വിഎസ് അനുസ്മരണ വാരാന്തപ്പതിപ്പ് ഒഴിവാക്കിയെന്ന വാർത്തകൾ അടിസ്ഥാനരഹിതം – എം. സ്വരാജ്

തിരുവനന്തപുരം: ദേശാഭിമാനി പത്രത്തിന്റെ ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് എം. സ്വരാജ്.

പൂർണ്ണമായും സാങ്കേതിക കാരണങ്ങളാൽ മാത്രമാണ് അച്ചടി തടസ്സപ്പെട്ടതെന്നും വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണപ്പതിപ്പ് ബോധപൂർവ്വം ഒഴിവാക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനിയുടെ ഒരു യൂണിറ്റിലെ പത്രം അച്ചടിക്കുന്നത് സ്വകാര്യ പ്രസ്സിലാണ്. ഇവിടെയുണ്ടായ യന്ത്രത്തകരാർ കാരണം കഴിഞ്ഞ രണ്ട് ദിവസമായി തൊട്ടടുത്ത ജില്ലയിലെ യൂണിറ്റിൽ നിന്നാണ് പത്രം ഒരുമിച്ച് അച്ചടിക്കുന്നത്. ഇതുമൂലം സമയബന്ധിതമായി അച്ചടി പൂർത്തിയാക്കുന്നതിന് തടസ്സങ്ങൾ നേരിട്ടു. ഈ സാഹചര്യത്തിലാണ് ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പ് തിങ്കളാഴ്ച വിതരണം ചെയ്യാൻ എഡിറ്റോറിയൽ ടീം തീരുമാനിച്ചതെന്ന് എം. സ്വരാജ് വിശദീകരിച്ചു. പത്രത്തിൽ ഇന്ന് നൽകിയ സാങ്കേതിക അറിയിപ്പ് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുപത്തിയൊന്നാം തീയതി വിഎസിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട പ്രത്യേക പേജ് ഉണ്ടാകുമെന്നും എം. സ്വരാജ് വ്യക്തമാക്കി.