അഗർത്തല: ത്രിപുര പോലീസ് മേധാവി അനുരാഗ് ധങ്കറിനെ അഗർത്തലയിലെ പോലീസ് ആസ്ഥാനത്തെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 1994 ബാച്ച് ത്രിപുര കേഡർ ഐപിഎസ് ഓഫീസറാണ്.
സ്വന്തം സർവീസ് പിസ്റ്റൾ ഉപയോഗിച്ച് അദ്ദേഹം സ്വയം വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉടനടി അദ്ദേഹത്തെ അഗർത്തലയിലെ ഗോവിന്ദ് വല്ലഭ് പന്ത് (GB) ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്നതിനെക്കുറിച്ച് നിലവിൽ വിവരങ്ങൾ വ്യക്തമല്ല. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമിതാഭ് രഞ്ജൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2025 മേയിലാണ് അനുരാഗ് ധങ്കർ ത്രിപുരയുടെ ഡിജിപിയായി ചുമതലയേൽക്കുന്നത്. ഐപിഎസ് സർവീസിൽ നീണ്ട അനുഭവസമ്പത്തുള്ള അദ്ദേഹം സിബിഐ (CBI), സിഐഎസ്എഫ് (CISF), ഐക്യരാഷ്ട്രസഭയുടെ കോസോവോ മിഷൻ എന്നിവയിലും മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

