ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച ‘ചലോ സൻസദ്’ മാർച്ചിനിടെ സംഘർഷം തുടരുന്നതിനിടെ, കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി സി.ജെ.പി. പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരാണ് ഡൽഹിയിലെ കേന്ദ്രമന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന ചർച്ചയിൽ പങ്കെടുത്തത്. രണ്ടു മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി, സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ മോചനം, ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം എന്നിവ അടങ്ങിയ നിവേദനം സി.ജെ.പി പ്രതിനിധികൾ കൈമാറി.
ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കാൻ സമയം വേണമെന്നും വിഷയങ്ങൾ ആഭ്യന്തരമായി ചർച്ച ചെയ്യാമെന്നും ജെ.പി. നഡ്ഡ ഉറപ്പുനൽകിയതായി വക്താവ് അശുതോഷ് രംഗ വ്യക്തമാക്കി.

