പരീക്ഷാ ക്രമക്കേട്: മോദി ചരിത്രത്തിലെ ഏറ്റവും വലിയ യുവജനവിരുദ്ധ പ്രധാനമന്ത്രി എന്ന് രാഹുൽ ഗാന്ധി

20 July 2026
പരീക്ഷാ ക്രമക്കേട്: മോദി ചരിത്രത്തിലെ ഏറ്റവും വലിയ യുവജനവിരുദ്ധ പ്രധാനമന്ത്രി എന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന പരീക്ഷാ ക്രമക്കേടുകളിലും പേപ്പർ ചോർച്ചയിലും കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

നരേന്ദ്ര മോദിയെ ‘ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജനവിരുദ്ധനായ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെയും കടുത്ത ഭാഷയിൽ അപലപിച്ചു.

രാജ്യത്ത് ഇതുവരെ നടന്ന 152-ഓളം പേപ്പർ ചോർച്ച സംഭവങ്ങളിലായി 7.5 കോടിയോളം യുവജനങ്ങളുടെ ഭാവി ഇല്ലാതായെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികളുടെ ഭാവി തകരുമ്പോഴും കുറ്റക്കാരായ ആരെയും ശിക്ഷിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.

പേപ്പർ ചോർത്തിയ കുറ്റവാളികൾ സ്വതന്ത്രമായി വിലസുമ്പോൾ, സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന യുവതലമുറയെ സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.