വിപ്ലവവീര്യത്തിന്റെ ചെങ്കനൽ; വി.എസ് ഓർമയായിട്ട് ഒരു വർഷം

21 July 2026
വിപ്ലവവീര്യത്തിന്റെ ചെങ്കനൽ; വി.എസ്  ഓർമയായിട്ട് ഒരു വർഷം

തിരുവനന്തപുരം: ജനകീയ സമരങ്ങളിലൂടെ കേരള രാഷ്ട്രീയത്തെ പരുവപ്പെടുത്തിയ അമരക്കാരൻ വി.എസ്. അച്യുതാനന്ദൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. പോരാട്ടവീര്യത്തിന്റെ ആൾരൂപമായിരുന്ന ‘വി.എസ്’ എന്ന രണ്ടക്ഷരം ജനമനസ്സുകളിൽ ഇന്നും ജ്വലിക്കുന്ന ഓർമയായി നിലകൊള്ളുന്നു.

സഖാവ് പി. കൃഷ്ണപിള്ളയുടെ സ്വാധീനത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ, തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന്റെ രക്തരൂഷിതമായ ചരിത്രമെഴുതിയ പുന്നപ്ര-വയലാർ സമരത്തിന്റെ മുൻനിരയിൽ നിലയുറപ്പിച്ചു. 1964-ൽ സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി സി.പി.ഐ.(എം) രൂപീകരിച്ച 32 നേതാക്കളിൽ അവസാനത്തെ കണ്ണിയായിരുന്നു അദ്ദേഹം.

1980 മുതൽ 1992 വരെ നീണ്ട 12 വർഷക്കാലം സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയായും, 1985 മുതൽ 2009 വരെ കാൽ നൂറ്റാണ്ടോളം പൊളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിച്ചു. 82-ാം വയസ്സിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായ വി.എസ്, അധികാരത്തിലിരിക്കുമ്പോഴും ഭരണത്തിന് പുറത്തും നിരന്തരം പോരാട്ടവീര്യം നിലനിർത്തി.

മൂന്നാർ കയ്യേറ്റങ്ങൾക്കെതിരെയുള്ള ദൗത്യം, മതികെട്ടാൻമല സംരക്ഷണം, പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധ സമരം, എൻഡോസൾഫാൻ ഇരകൾക്കായുള്ള പട്ടിണി സമരം, സൂര്യനെല്ലി കേസ് എന്നിവയിലൂടെ ജനകീയ വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിച്ച് അദ്ദേഹം ജനശ്രദ്ധ നേടി. പോരാട്ടത്തിന്റെ വഴികളിൽ വൻജനവലിയെ ഒപ്പം കൂട്ടാൻ വി.എസിനായി.

ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം വിപുലമായ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ആലപ്പുഴ വലിയചുടുകാട്ടിൽ വി.എസ് സ്മാരകത്തിന്റെ ഉദ്ഘാടനവും പുന്നപ്രയിലെ കുടുംബവീട്ടിൽ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനവും ഇന്ന് നടക്കും.