ഗാങ്ടോക്: സിക്കിമിലെ നാംചി ജില്ലയിൽ സമർദങ് തുരങ്കത്തിലുണ്ടായ വൻ അപകടത്തിൽ 8 പേർ മരണപ്പെടുകയും 25-ലധികം തൊഴിലാളികൾ ഉള്ളിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ.കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തുരങ്ക കവാടത്തിലുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന്റെ തുടക്കം.
മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കത്തിനുള്ളിലുണ്ടായ മീഥെയ്ൻ ഗ്യാസ് ചോർച്ച രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. തുരങ്കത്തിനുള്ളിൽ ഓക്സിജന്റെ അളവ് കുത്തനെ കുറഞ്ഞതും സമാന്തരമായി വിഷവാതകം നിറഞ്ഞതും രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നുണ്ട്.
തുരങ്കത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച പല രക്ഷാപ്രവർത്തകർക്കും തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടത് പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമായി. പ്രത്യേക ഗ്യാസ് മാസ്കുകളും ഓക്സിജൻ സിലിണ്ടറുകളും ധരിച്ചാണ് എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, സൈന്യം, ഫയർ സർവീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സേന ഉള്ളിലേക്ക് എത്തുവാൻ ശ്രമിക്കുന്നത്.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതിനാണ് നിലവിൽ പ്രഥമ പരിഗണനയെന്നും ഇതിന് ശേഷം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.

