കൊല്ലം: വയോധികയായ അമ്മയുടെ മൃതദേഹം മകൻ ആരെയും അറിയിക്കാതെ വീട്ടിൽ പൂജ ചെയ്ത് സൂക്ഷിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കുളത്തൂപ്പുഴ ആർ.പി.എൽ. എസ്റ്റേറ്റിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. 90 വയസ്സുള്ള തങ്കമ്മയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി വീട്ടിൽ സൂക്ഷിച്ചത്.
കിടപ്പുരോഗിയായിരുന്ന വയോധികയും കൃഷ്ണസ്വാമിയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. അമ്മ മരിച്ച വിവരമറിഞ്ഞ് വീട്ടിലെത്തിയ ചെറുമകളാണ് ദുർഗന്ധം വമിക്കുന്ന സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ കൃഷ്ണസ്വാമിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായും, ഇയാളെ വിശദമായ പരിശോധനകൾക്ക് വിധേയനാക്കുമെന്നും പൊലീസ് അറിയിച്ചു. വയോധികയുടെ മരണം സ്വാഭാവികമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ വ്യക്തമാകൂ.

