കുറ്റിപ്പുറം അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി

26 July 2026
കുറ്റിപ്പുറം അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പൊലീസ്.ഇറക്കവും ശക്തമായ വളവുമുള്ള പ്രദേശത്താണ് അപകടം സംഭവിച്ചത്. അമിതവേഗതയിലാണ് ബസ് എത്തിയിരുന്നതെന്നും മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടിച്ചതിന്റെ ആഘാതത്തിൽ ബസിന്റെ ടയർ ഊരിത്തെറിക്കുകയും ചെയ്തു.

തുടർന്ന് ഒരു ഡിവൈഡറിലിടിച്ച് കരണം മറിഞ്ഞ ബസ് വലതുവശത്തെ ഡിവൈഡറിന് മുകളിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ആഴ്ച അപകടത്തിൽപ്പെട്ട് അവിടെ നിർത്തിയിട്ടിരുന്ന ഒരു കാറിന് മുകളിലേക്കാണ് ബസ് തലകീഴായി പതിച്ചത്. അപകട സമയത്ത് ബസ് അതിവേഗത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാർ വ്യക്തമാക്കി.

അപകടം നടന്നയുടൻ ബസിന്റെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം റോഡിലേക്ക് ഒഴുകി. തലകീഴായി മറിഞ്ഞ ബസിൽ നിന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെടുത്തത്.

അമിത വേഗതയാണോ അതോ ടയറിന് സംഭവിച്ച തകരാറാണോ അപകടത്തിന് വഴിവെച്ചതെന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി പരിശോധിച്ചു വരികയാണ്.