കെട്ടിട നിർമ്മാണ പെർമിറ്റിന് 15,000 രൂപ കൈക്കൂലി: കണ്ണൂരിൽ അസിസ്റ്റന്റ് എൻജിനീയറെ വിജിലൻസ് പിടികൂടി

28 July 2026
കെട്ടിട നിർമ്മാണ പെർമിറ്റിന് 15,000 രൂപ കൈക്കൂലി: കണ്ണൂരിൽ അസിസ്റ്റന്റ് എൻജിനീയറെ വിജിലൻസ് പിടികൂടി

കണ്ണൂർ: കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. താഴെ ചൊവ്വ സ്വദേശിയായ പി. മുഹമ്മദ് അസ്ലം (31) ആണ് അറസ്റ്റിലായത്. വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

കെട്ടിട ഉടമയോട് പെർമിറ്റിനായി ആകെ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ, അതിന്റെ ആദ്യ ഗഡുവായ 15,000 രൂപ തിങ്കളാഴ്ച രാത്രി 7.30-ഓടെ കണ്ണൂർ സന്നിധാൻ ബാറിന് സമീപത്തുവെച്ച് നൽകാനാണ് നിർദ്ദേശിച്ചിരുന്നത്. പത്തുമാസമായി പെർമിറ്റ് ഫയൽ വെച്ചുതാമസിപ്പിച്ചതിനെത്തുടർന്ന് പരാതിക്കാരൻ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.

വിജിലൻസ് നിർദ്ദേശപ്രകാരം പരാതിക്കാരൻ പണം നൽകിയ ഉടൻ തന്നെ സമീപത്ത് കാത്തുനിന്ന വിജിലൻസ് സംഘം എൻജിനീയറെ കൈയോടെ പിടികൂടുകയായിരുന്നു. മുൻപും സമാനമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് ഇയാൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിനു പിന്നാലെ പ്രതിയുടെ താഴെ ചൊവ്വയിലെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. തുടർനടപടികൾ പൂർത്തിയാക്കി ഇയാളെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, പി.എ. ബിനു മോഹൻ, എസ്.ഐമാരായ രാധാകൃഷ്ണൻ, പി.പി. നിജേഷ്, ആർ. പ്രവീൺ, കെ. രാജേഷ്, ഇ.വി. ജയശ്രീ, എ.എസ്.ഐമാരായ കെ.എം. സജിത്ത്, ഇ.കെ. രാജേഷ്, എസ്.സി.പി.ഒമാരായ സുകേഷ് കുമാർ, ഷിഞ്ചു, വിജിൻ, ഹൈറേഷ്, അജേഷ് എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.