കണ്ണൂർ: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും അവധി നൽകുകയും ചെയ്ത ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് കണ്ണൂർ ചാലയിലെ ചിന്മയ വിദ്യാലയം പ്രവർത്തിച്ചു. രാവിലെയോടെയാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ, ഉത്തരവ് വരുമ്പോഴേക്കും വിദ്യാർത്ഥികൾ സ്കൂളിലെത്തിയിരുന്നു എന്ന ന്യായീകരണമാണ് സ്കൂൾ അധികൃതർ നൽകുന്നത്. ഇതിനാൽ ഉച്ചവരെ ക്ലാസുകൾ തുടരുമെന്നും ചിന്മയ അധികൃതർ വ്യക്തമാക്കി.
മഴ കനത്ത സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ലെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
മഴ കനക്കുന്നു; മലയോര മേഖലകളിൽ ജാഗ്രത
അതിനിടെ കണ്ണൂരിലെ മലയോര മേഖലകളിലും കർണാടക വനമേഖലയിലും മഴ കനക്കുകയാണ്. ഉളിക്കൽ വയത്തൂർ പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി. പ്രദേശവാസികൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

