ശ്രീകണ്ഠാപുരം: കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ എസ്.എഫ്.ഐ നേതാവ് കെ. നവനീതിനെതിരെ നടപടിയുമായി സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നവനീതിനെ പുറത്താക്കിയതായി സി.പി.എം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു. പൈസക്കരി ദേവമാതാ കോളേജിലെ യു.യു.സി (UUC) ആണ് നവനീത്.
പരാതിക്കാരിയായ യുവതിക്ക് ആവശ്യമായ നിയമസഹായം നൽകുമെന്ന് വ്യക്തമാക്കിയ പാർട്ടി നേതൃത്വം, ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇതിന്റെ പേരിൽ സി.പി.എമ്മിനെ അപമാനിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഓഗസ്റ്റ് 20-ന് രാത്രി എട്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് പുറത്തുള്ള കുളിമുറിയിൽ യുവതി കുളിക്കുന്നതിനിടെ ഭിത്തിയിലെ വിടവിലൂടെ മൊബൈൽ ഫോൺ ക്യാമറ കണ്ടെത്തുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ ബന്ധുക്കൾ നവനീതിനെ തടഞ്ഞുവെച്ചു. ഫോൺ പരിശോധിച്ചപ്പോൾ കുളിക്കുന്ന ദൃശ്യങ്ങളും യുവതിയുടെ വീട്ടുപറമ്പിൽ നിന്ന് മുൻപ് പകർത്തിയ മറ്റ് ചിത്രങ്ങളും കണ്ടെത്തി. സംഭവസ്ഥലത്തു വെച്ചുതന്നെ ഈ ദൃശ്യങ്ങൾ ഫോണിൽ നിന്ന് നീക്കം ചെയ്യിച്ചതായി പരാതിയിൽ പറയുന്നു.
പിന്നീട് ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകിയെങ്കിലും, പ്രതിയുടെ ഫോണിൽ നിന്ന് നിലവിൽ ആരോപിക്കപ്പെടുന്ന ദൃശ്യങ്ങളൊന്നും കണ്ടെത്താനായില്ലെന്നാണ് പോലീസ് അറിയിച്ചത്. ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതെന്നും പോലീസ് വ്യക്തമാക്കി.
എന്നാൽ പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനയിലൂടെ മായ്ച്ചു കളഞ്ഞ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിച്ചാൽ പ്രതിക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

