തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
ജില്ലാ കളക്ടർമാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. വിവിധ ജില്ലകളിലെ മഴക്കെടുതിയും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും പ്രധാന ചർച്ചയാകും. കൂടാതെ, മുന്നൊരുക്കങ്ങളും രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനവും യോഗം വിശദമായി വിലയിരുത്തും. മഴക്കെടുതി നേരിടുന്നതിനും പ്രകൃതിദുരന്ത സാധ്യതകൾ പ്രതിരോധിക്കുന്നതിനുമായി ആവശ്യമായ കൂടുതൽ അടിയന്തര നിർദ്ദേശങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നൽകും.

