നാല് ഡാമുകൾ തുറന്നു; മൂഴിയാറിലും ഇരട്ടയാറിലും റെഡ് അലർട്ട്

3 August 2026
നാല് ഡാമുകൾ തുറന്നു; മൂഴിയാറിലും ഇരട്ടയാറിലും റെഡ് അലർട്ട്

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായതോടെ ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂരിലെ പെരിങ്ങൽകുത്ത്, കോഴിക്കോട്ടെ കുറ്റ്യാടി അണക്കെട്ടുകൾ തുറന്നു.

പുലർച്ചെ അഞ്ചുമണി വരെയുള്ള കണക്കനുസരിച്ച് ഈ ഡാമുകളിൽ നിന്ന് നിയന്ത്രിതമായ അളവിലാണ് വെള്ളം പുറത്തുവിടുന്നത്. കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 45 ഘനയടിയും, ലോവർ പെരിയാറിൽ നിന്ന് 24 ഘനയടിയും വെള്ളം ഒഴുക്കിവിടുന്നുണ്ട്. കൂടാതെ പെരിങ്ങൽകുത്തിൽ നിന്ന് 178.55 ഘനയടിയും കുറ്റ്യാടിയിൽ നിന്ന് 13.80 ഘനയടി വെള്ളവുമാണ് നിലവിൽ പുറത്തേക്കൊഴുക്കുന്നത്.

ഈ അണക്കെട്ടുകളിൽ നേരത്തെ തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ പത്തനംതിട്ടയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാറിലും ഇരട്ടയാറിലും റെഡ് അലർട്ട് തുടരുകയാണ്. പരമാവധി സംഭരണ നിരക്കായ 192.10 മീറ്ററിനോട് അടുത്ത്, 190 മീറ്ററായി മൂഴിയാറിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജലനിരപ്പ് കൂടുതൽ ഉയർന്നാൽ മൂഴിയാർ അണക്കെട്ട് തുറക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 754.38 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഇരട്ടയാർ അണക്കെട്ടിൽ നിലവിൽ 748.28 മീറ്ററാണ് ജലനിരപ്പ്.