ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ കടുത്ത വിമർശനവും നോട്ടീസും

4 August 2026
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ കടുത്ത വിമർശനവും നോട്ടീസും

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗാർത്ഥിക്ക് നൽകാത്തതിൽ കേരള പബ്ലിക് സർവീസ് കമ്മീഷന് (PSC) സംസ്ഥാന വിവരാവകാശ കമ്മീഷന്റെ കടുത്ത വിമർശനം.

പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിന്റെ മാർക്ക് വിവരങ്ങളും ലഭ്യമാക്കാത്തത് തീർത്തും നിരുത്തരവാദപരമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. വിവരങ്ങൾ കൈമാറാനുള്ള മുൻ ഉത്തരവ് ഉദ്യോഗസ്ഥൻ മനപ്പൂർവ്വം അട്ടിമറിക്കുകയാണെന്നും, ഇത് വിവരാവകാശ നിയമത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.

ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള വീഴ്ച തികച്ചും ഗൗരവമുള്ളതാണെങ്കിലും, വിവരങ്ങൾ നൽകാൻ ഒരു അവസരം കൂടി നൽകുകയാണെന്ന് കമ്മീഷൻ വ്യക്തമാക്കി.ആഗസ്റ്റ് 10-നകം അപേക്ഷകനായ ഉദ്യോഗാർത്ഥിക്ക് ആവശ്യപ്പെട്ട മുഴുവൻ രേഖകളും കൈമാറി റിപ്പോർട്ട് സമർപ്പിക്കാനാണ് പിഎസ്‌സിക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.