പന്തീരങ്കാവ് (കോഴിക്കോട്): കോഴിക്കോട് പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തിൽപ്പെടാതെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒൻപത് മണിയോടെ പന്തീരങ്കാവ് പോലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിലെ ഫൂട്ട് ഓവർബ്രിഡ്ജിന് ചേർന്നായിരുന്നു സംഭവം.
പന്തീരങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഷറഫുദ്ദീൻ ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് നിമിഷങ്ങൾക്കകം തന്നെ കാറിൽ ആളിപ്പടർന്നു.
നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് പ്രാഥമികമായി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. അതിനോടകം തന്നെ കാർ പൂർണ്ണമായും കത്തിനശിച്ചിരുന്നു.

