“മാഗി ന്യൂഡിൽസ് ഉണ്ടാക്കുന്നത് പോലെ ബില്ലുകൾ പാസാക്കുന്നു”; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

7 August 2026
“മാഗി ന്യൂഡിൽസ് ഉണ്ടാക്കുന്നത് പോലെ ബില്ലുകൾ പാസാക്കുന്നു”; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ സുപ്രധാന ബില്ലുകൾ ചർച്ചകളില്ലാതെ തിടുക്കപ്പെട്ട് പാസാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മാഗി ന്യൂഡിൽസ് ഉണ്ടാക്കുന്നത്ര എളുപ്പത്തിലും വേഗത്തിലുമാണ് കേന്ദ്രം ബില്ലുകൾ പാസാക്കിയെടുക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ഡെറിക് ഒബ്രിയൻ കുറ്റപ്പെടുത്തി. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് (X) അദ്ദേഹം സർക്കാരിനെതിരെ രംഗത്തെത്തിയത്.

ഒരു ചർച്ചയും കൂടാതെ മിനിറ്റുകൾക്കുള്ളിലാണ് നിർണായകമായ പല ബില്ലുകളും സഭയിൽ പാസാക്കുന്നതെന്ന് ഡെറിക് ചൂണ്ടിക്കാട്ടി.സുപ്രീംകോടതി ഭേദഗതി ബിൽ വെറും നാലുമിനിറ്റുകൊണ്ടും, ജനന-മരണ രജിസ്‌ട്രേഷൻ ഭേദഗതി ബിൽ, ടാക്‌സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബിൽ എന്നിവ മൂന്നുവീതം മിനിറ്റുകൾ കൊണ്ടും ചർച്ചകളൊന്നുമില്ലാതെ പാസാക്കിയെടുത്ത കാര്യം അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സിലൂടെ ചൂണ്ടിക്കാട്ടി.

സഭയിലുണ്ടായ പ്രതിപക്ഷ മുദ്രാവാക്യ വിളികളും ബഹളങ്ങളുമാണ് ചർച്ചകളുടെ സമയം കുറയാൻ കാരണമെന്ന് കിരൺ റിജിജു വ്യക്തമാക്കി. ഇതിന്റെ പൂർണ ഉത്തരവാദിത്വം കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കുമാണെന്ന് അദ്ദേഹം ആരോപിച്ചു.

നിലവിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനുള്ള യാതൊരു നിർദേശവും സർക്കാരിന്റെ മുന്നിലില്ലെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.