തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കാനിടയുള്ള സാഹചര്യത്തിൽ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

