കണ്ണൂർ: സംസ്ഥാനത്ത് ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി പൊലീസിന്റെ വ്യാപക ഗുണ്ടാവേട്ട. ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വൻ പരിശോധന ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.
അതേസമയം, പൊലീസിനെ ഭീഷണിപ്പെടുത്തിയും ആഭ്യന്തരവകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള 8 സുഹൃത്തുക്കളെ കണ്ണൂർ വളപട്ടണം പൊലീസ് കരുതൽ തടങ്കലിലാക്കി. അർജുന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരെ കണ്ടെത്താനാണ് ഇവരെ ചോദ്യം ചെയ്യുന്നത്. രണ്ടുദിവസം മുൻപ് അർജുൻ കണ്ണൂർ അഴീക്കോട് എത്തിയിരുന്നതായി പൊലീസിന് സംശയമുണ്ട്.
ഓഗസ്റ്റ് 5-ന് അർജുൻ ആയങ്കി മലപ്പുറം എടപ്പാളിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആയങ്കിയുടെ സുഹൃത്തുക്കളായ 5 പേരെ ചങ്ങരംകുളം, തിരൂർ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

