കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് പിടിയിലായി. കണ്ണൂർ നഗരത്തിലെ ഒളിത്താവളത്തിൽ നിന്ന് ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നഗരത്തിലെ അപാർട്മെന്റിൽ പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കണ്ണൂരിലെ പ്രാഥമിക നടപടികൾക്ക് ശേഷം പ്രതിയെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നു എന്ന സംശയത്തിൽ കോതമംഗലത്തിന് സമീപത്തുനിന്ന് അർജുൻ ആയങ്കിയെയും സംഘത്തെയും പോലീസ് മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർ, ഊന്നുകൽ എസ്.എച്ച്.ഒ എന്നിവർക്കെതിരെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഇയാൾ ഭീഷണിയും അധിക്ഷേപങ്ങളും ഉന്നയിച്ചു.
കേസിൽ ഹൈക്കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം തള്ളിയിട്ടും ഒളിവിലിരുന്ന് പോലീസ് ഉദ്യോഗസ്ഥരെ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് തിരച്ചിൽ ശക്തമാക്കാനും അറസ്റ്റിലേക്ക് നയിക്കാനും കാരണമായത്.

