സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന ബിൽ ലോക്സഭ പാസാക്കി

11 August 2026
സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ഉയർത്തിയ കടുത്ത ബഹളത്തിനിടയിൽ യാതൊരുവിധ ചർച്ചകളുമില്ലാതെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച ബില്ലിന്മേലുള്ള നടപടിക്രമങ്ങൾ ആറു മിനിറ്റുകൾ കൊണ്ടാണ് സഭ പൂർത്തിയാക്കിയത്.

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയച്ചുനൽകിയിരുന്നു. ഇതിന് തുടർച്ചയായാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.