ഇരിട്ടി: പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ ഇരിട്ടി സ്വദേശിയായ യുവാവും ആത്മഹത്യ ചെയ്തു. ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശിയായ അമൽ (27), കാസർകോട് പൂച്ചക്കാട് കിഴക്കേകരയിലെ പി. അനുശ്രീ (25) എന്നിവരാണ് ജീവനൊടുക്കിയത്. രണ്ടുപേരും ബാങ്ക് ജീവനക്കാരാണ്. വരാനിരിക്കുന്ന ഡിസംബർ 26-ന് ഇവരുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതായിരുന്നു.
മൈസൂരിലെ എസ്.ബി.ഐ ഹുൻസൂർ ശാഖയിലെ ജീവനക്കാരിയായ അനുശ്രീ ചൊവ്വാഴ്ചയാണ് താമസസ്ഥലത്ത് ജീവനൊടുക്കിയത്. വിഡിയോ കോൾ വിളിച്ച ശേഷമായിരുന്നു അനുശ്രീയുടെ ആത്മഹത്യയെന്നാണ് വിവരം. വിവരമറിഞ്ഞതിന് പിന്നാലെ എറണാകുളത്തെ ഹോട്ടൽ മുറിയിൽ അമലിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമലിന്റെ ബന്ധുക്കൾ വിവരമറിഞ്ഞ് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.
കാസർകോട് പൂച്ചക്കാട്ടെ ഗ്യാസ് ഏജൻസി ഉടമ കെ. ചന്ദ്രന്റെയും റീനയുടെയും മകളാണ് മരണപ്പെട്ട അനുശ്രീ. സാരസ്വത് ബാങ്ക് ജീവനക്കാരനാണ് അമൽ. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ നടുക്കവും സങ്കടവും സൃഷ്ടിച്ചിട്ടുണ്ട്.

