തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത ദില്ലി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റെയിൽവേ റദ്ദാക്കി.
സെപ്റ്റംബർ ഒന്നിന് ദില്ലിയിലെ രാംലീല മൈതാനിയിൽ നടക്കാനിരിക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രത്യേക ട്രെയിൻ ബുക്ക് ചെയ്തിരുന്നത്. ട്രെയിൻ റദ്ദാക്കിയ നടപടി സമരം പൊളിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ രാഷ്ട്രീയ നീക്കമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.
22 ബോഗികളുള്ള പ്രത്യേക ട്രെയിനാണ് സിപിഐ ബുക്ക് ചെയ്തിരുന്നത്. ഇതിനായി മുൻകൂറായി 10 ലക്ഷം രൂപ റെയിൽവേയിൽ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തുക കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചെത്തിയതായി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാർ ജനങ്ങളെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഈ നീക്കത്തിന് മുന്നിൽ വഴങ്ങില്ല. ആഹ്വാനം ചെയ്ത സമരവുമായി മുന്നോട്ട് തന്നെ പോകും. സാധ്യമായ എല്ലാ വഴികളിലൂടെയും ദില്ലിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

