കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചു. കുട്ടി വീടുവിട്ടിറങ്ങി ഒൻപത് ദിവസങ്ങൾ പിന്നിട്ടിട്ടും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം ഊർജിതമാക്കിയത്.
അമിതമായി മൊബൈൽ ഗെയിം ഉപയോഗിക്കുന്നത് വീട്ടുകാർ തടഞ്ഞതിനെത്തുടർന്നാണ് ശിവസൂര്യ വീടുവിട്ടതെന്നാണ് വിവരം. 3000 രൂപയും രണ്ടു ജോഡി വസ്ത്രങ്ങളുമെടുത്ത് കാശിയിലേക്ക് പോകുന്നു എന്ന് കുറിപ്പെഴുതി വെച്ചാണ് കുട്ടി ഇറങ്ങിയത്.
പ്രദേശത്തെയും തലശ്ശേരി റെയിൽവേ സ്റ്റേഷനിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസിന് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്നിഫർ ഡോഗുകളെ എത്തിച്ച് വീട്ടുപറമ്പിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും വഴി കണ്ടെത്താനായില്ല.
കേരളത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൈസൂരു കേന്ദ്രീകരിച്ചാണ് നിലവിൽ പ്രാഥമിക പരിശോധനകൾ നടക്കുന്നത്.
സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ ശിവസൂര്യയുടെ വീട്ടിലും ചൊക്ലി പോലീസ് സ്റ്റേഷനിലും നേരിട്ടെത്തി കുടുംബാംഗങ്ങളെ കാണുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു. നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

